കണ്ണമ്പുഴ കാളിയാടൻ കുടുംബയോഗം ആരംഭം കുറിച്ചതിനുശേഷം AD 2000 ആണ്ടിലാണ് കാളിയാടൻ കുടുംബാംഗങ്ങളുടെ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുത്തി പ്രഥമ കുടുംബ ഡയറക്ടറി നിലവിൽ വന്നത്. പിന്നീട് AD 2008 ൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി നവീകരിച്ച ഡയറക്ടറി പ്രസിദ്ധീകരിക്കുകയും ചെയ്തു. കാലക്രമേണ കുടുംബങ്ങൾ എണ്ണത്തിൽ വർദ്ധിക്കുകയും കുടുംബാംഗങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറി പാർക്കുകയും ചെയ്തു. ഇന്ന് അമേരിക്ക യൂറോപ്പ് ഏഷ്യ ഓസ്ട്രേലിയ എന്നീ ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കാളിയാടൻ കുടുംബാംഗങ്ങൾക്ക് വിവരങ്ങൾ പരസ്പരം അറിയാനും ആശയവിനിമയത്തിനും കാലികപ്രസക്തമായ ഒരു സംവിധാനം എന്ന നിലയിലാണ് കാളിയാടൻ ഫാമിലി വെബ്സൈറ്റ് എന്ന ആശയം രൂപപ്പെട്ടത്. പൂർവ്വ പിതാക്കന്മാരുടെ പാരമ്പര്യം പേറുന്ന, ദീർഘവീക്ഷണമുള്ള കുടുംബാംഗങ്ങൾ നൽകിയ നിർലോഭമായ പിന്തുണയാണ് ഈ ഉദ്യമം യാഥാർത്ഥ്യമാകാൻ ഇടയാക്കിയത്. ആദ്യ ഡയറക്ടറിയുടെ ജൂബിലി വർഷത്തിൽ തന്നെ കാളിയാടൻ ഫാമിലി വെബ്സൈറ്റ് രൂപപ്പെട്ടു എന്നത് കുടുംബാംഗങ്ങളുടെ കൂട്ടായ്മയുടെ വിജയമാണെന്ന് നിസംശയം പറയാനാകും. കളിയാടൻ ഫാമിലി വെബ്സൈറ്റ് യാഥാർത്ഥ്യമാകാൻ സഹകരിച്ച എല്ലാവരോടുമുള്ള കൃതജ്ഞത ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു.ഇനിയും കൂട്ടിച്ചേർക്കാനുള്ള വിവരങ്ങൾ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ സമയാസമയങ്ങളിൽ രേഖപ്പെടുത്തുക വഴി കാളിയാടൻ ഫാമിലി വെബ്സൈറ്റ് കൂടുതൽ ഫലപ്രദവും വിജയകരവുമായി നിലനിൽക്കാൻ ഇടവരട്ടെ.
ബിനു കാളിയാടൻ